യുഎസിലെ വിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍, പ്രത്യേകിച്ച് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കിടയില്‍, വലിയ ആശങ്ക സൃഷ്ടിച്ചുകൊണ്ടാണ് തൊഴില്‍ പെര്‍മിറ്റ് ( എംപ്ളോയ്മെന്‍റ് ഓതറൈസേഷന്‍ ഡോക്യുമെന്‍റ്) പുതുക്കുന്നതിനുള്ള നിയമങ്ങളില്‍ യുഎസ് സര്‍ക്കാര്‍ കാതലായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന ഓട്ടോമാറ്റിക് എക്സ്ററന്‍ഷന്‍ സംവിധാനം ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നിര്‍ത്തലാക്കിയതോടെ, ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത വര്‍ധിച്ചു. നിയമ ഭേദഗതി ഒക്റ്റോബര്‍ 30നു പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.
പുതിയ 'ഇന്‍ററിം ഫൈനല്‍ റൂള്‍' പ്രകാരം, ഇഎഡി പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ അപേക്ഷ അംഗീകരിക്കുന്നതുവരെ ജോലിയില്‍ തുടരാന്‍ അനുവദിച്ചിരുന്ന ഓട്ടോമാറ്റിക് എക്സ്ററന്‍ഷന്‍ ആനുകൂല്യം ഇനി ലഭിക്കില്ല.
മുന്‍പ് ഇഎഡി പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍, അത് തീര്‍പ്പാക്കുന്നത് വരെ 540 ദിവസം വരെ ജോലിയില്‍ തുടരാന്‍ തൊഴിലാളികളെ അനുവദിച്ചിരുന്നു. എന്നാല്‍, ഒക്റ്റോബര്‍ 30~നോ അതിനു ശേഷമോ പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക്, നിലവിലുള്ള ഇഎഡി കാലാവധി തീരുന്നതിന് മുന്‍പ് പുതിയ പെര്‍മിറ്റ് ലഭിച്ചില്ലെങ്കില്‍, ഉടന്‍ തന്നെ ജോലി നിര്‍ത്തേണ്ടിവരും.
അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നവരും, എച്ച്~1ബി വിസ ഉടമകളുടെ ആശ്രിതരായ എച്ച്~4 വിസക്കാരും (ഇവര്‍ക്ക് ജോലി ചെയ്യാന്‍ ഇഎഡി ആവശ്യമാണ്) ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളെയാണ് ഈ മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക.
ഇന്ത്യന്‍ പൗരന്മാരാണ് യുഎസ് ഇമിഗ്രേഷന്‍ സിസ്ററത്തില്‍ ഏറ്റവും കൂടുതല്‍ കാലമായി കാത്തിരിക്കുന്നത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഇഎഡി പുതുക്കാനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ സമയം എടുക്കുന്നുണ്ട്. ഈ കാലതാമസം കാരണം, നിരവധി തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥ വരും.
ജോലി തടസപ്പെടാതിരിക്കാന്‍, നിലവിലെ ഇഎഡി കാലാവധി തീരുന്നതിന് 180 ദിവസം മുന്‍പ് തന്നെ പുതുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് വിദേശ തൊഴിലാളികള്‍ക്കുള്ള ഉപദേശം. പുതിയ നിയമം 2025 ഒക്റ്റോബര്‍ 30~ന് മുന്‍പ് ഓട്ടോമാറ്റിക് എക്സ്ററന്‍ഷന്‍ ലഭിച്ച ഇഎഡികളെ ബാധിക്കില്ല.

Comments: